Malayalam

ഓർമ്മകൾ


ഓർമ്മകൾ ഒരു മഞ്ഞുതുള്ളിപോലെ
മനസ്സിന്റെ  പുൽനാമ്പിൽ നിന്നെറ്റി വീണ്
മറവിതൻ മണ്ണിൽ അലിഞ്ഞുചേർന്ന്
അടയാളങ്ങൾ ബാക്കി വയ്ക്കാതെ
ആരെയും അറിയിക്കാതെ
നിശബ്ദം മാഞ്ഞു പോയിരുന്നെങ്കിൽ …
എന്റെ രാത്രികളെ നീറ്റാൻ
എന്റെ പകലുകളുടെ നിറം കെടുത്താൻ
എന്റെ ചിരികൾക്കു വിലങ്ങുകളണിയിക്കാൻ
അതിനു മാത്രമെന്നപോലെ നീ ബാക്കി വച്ച് പോയ
ഈ മുറിവുകൾ മെല്ലെയുണങ്ങിയിരുന്നെങ്കിൽ
എന്റെ ചെവിയിൽ മുഴങ്ങുന്ന
നിന്റെ തേങ്ങലിൻ മാറ്റൊലി നിലച്ചിരുന്നെങ്കിൽ
നിന്നെ ഓർക്കാതെ എനിക്കൊന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…….

Malayalam

ആടും പുലിയും പിന്നെ അച്ഛച്ചനും


പുറമേക്കാർക്ക് എന്റെ അച്ഛൻ അധികം സംസാരിക്കാത്ത ഒരാളാണ്.പക്ഷെ വീട്ടിനകത്ത് കയറിയാൽ അച്ഛൻ അത്യാവശ്യം പുളുവൊക്കെ അടിക്കും. അച്ഛൻ സ്ഥിരം പറയുന്ന ഒന്നു രണ്ടു കഥകളുണ്ട്, അതിൽ ഒന്ന് ചുവടെ ചേർക്കുന്നു.

അച്ഛന്റെ വീട് കാസറഗോഡ് ജില്ലയിലെ ഒരു ഉൾപ്രദേശത്താണ്. ഞാൻ എട്ടിലോ പത്തിലോ പഠിക്കുമ്പോഴാണ് അവിടെയൊക്കെ കറന്റ്‌ കണക്ഷൻ കിട്ടിയതു തന്നെ. അമ്മ പറഞ്ഞിട്ടുണ്ട് , അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോൾ അച്ഛന്റെ വീട്ടിൽ ഒരു നല്ല ബാത്ത് റൂം പോലും ഉണ്ടായിരുന്നില്ല എന്ന്. വിശാലമായ പറമ്പിലാണത്രേ എല്ലാവരും കാര്യം സാധിച്ചുരുന്നത്.

എന്റെ അച്ഛച്ചനെയോ അച്ഛമ്മയെയോ ഞാൻ കണ്ടിട്ടില്ല. അവർ ഞാൻ ജനിക്കുന്നതിനു മുമ്പ് തന്നെ മരിച്ചു പോയിരുന്നു. അച്ഛച്ചൻ വലിയ കലാ സ്നേഹിയായിരുന്നെന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.വീട്ടിൽ കഥകളികാരും പാട്ടുകാരുമെല്ലാം വന്നു താമസിക്കറുണ്ടായിരുന്നു പോലും. ആ വകയിൽ എന്റെ അച്ഛനും ഒരു പൊടിക്ക് കഥകളി ഒക്കെ പഠിച്ചിട്ടുണ്ടെന്നു അവകാശപെടുന്നു.

ഈ കഥ നടക്കുന്നത് അച്ഛച്ചന്റെ ചെറുപ്പകാലത്താണ്. അന്ന് ആ സ്ഥലം വലിയ കാടായിരുന്നു പോലും.ആ കാടായ കാടൊക്കെ വെട്ടി തെളിച്ചു അവിടെ തെങ്ങും കവുങ്ങുമൊക്കെ വച്ചുപിടിപ്പിച്ചത് അച്ഛച്ചനായിരുന്നു. അന്നു അച്ഛച്ചനും അച്ഛമ്മയും മാത്രമേയുള്ളൂ. മക്കളൊന്നും ആയിട്ടില്ല.

ഒരു രാത്രി മരത്തിന്റെ മുകളില ഒരു ഏറുമാടം ഒക്കെ കെട്ടി കൃഷിക്ക് കാവൽ കിടക്കുകയായിരുന്നു അച്ഛച്ചൻ. കൂട്ടിന് അച്ഛമ്മയും ഉണ്ട്.ഏറുമാടത്തിന് താഴെ ഒരു ആടിനെ കെട്ടിയിട്ടിരുന്നു.

രാത്രി ഒരു ഉറക്കം കഴിഞ്ഞെഴുന്നെട്ടപ്പോൾ താഴെ നിന്ന് ആട് ഒരു വല്ലാത്ത ശബ്ദത്തിൽ കരയുന്നത് അച്ഛച്ചൻ കേട്ടു .സംഭവം എന്താണെന്നറിയാൻ മൂപരെത്തിനോക്കിയപ്പോൾ കണ്ടത് ഒരു വല്ലാത്ത കാഴ്ചയായിരുന്നു .

ഒരു പോത്തിന്റെ അത്രേം വലിപ്പമുള്ള പുലി ആടിനേം വലിച്ചോണ്ട് പോകുന്നു. “തംബായീ ഞാൻ ദേ ഇപ്പൊ വരാം ” എന്ന് ഉറങ്ങി കിടക്കുന്ന അച്ഛമ്മയോട് പറഞ്ഞ് അച്ഛച്ചൻ ഏറുമാടത്തിൽ നിന്നും ചാടി ഇറങ്ങി.

ആടിന്റെ മുൻവശത്തെ രണ്ടു കാലു പുലിയുടെ വായിലായിരുന്നു. പിറകിലെ രണ്ടു കാല് അച്ഛച്ചൻ കടന്നു പിടിച്ചു.പുലി ആടിനെ ശക്തിയായ് പിറകോട്ടു വലിച്ചപ്പോൾ അച്ഛച്ചൻ പിറകിലെ കാലുകൾ ആഞ്ഞു വലിച്ചു .പുലി ആടിനെ പിറകോട്ടു വലിക്കും.ഒട്ടും വിട്ടുകൊടുക്കാതെ അച്ഛച്ചൻ ആടിനെ മുന്നോട്ടു വലിക്കും.അങ്ങിനെ ആ പിടി വലി പുലർച്ച വരെ നീണ്ടു. പുലിയോ അച്ഛച്ചനോ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

അപ്പോഴേക്കും അച്ഛമ്മ ഉണർന്നു .അച്ഛച്ചനെ കാണാതെ പുള്ളികാരി ജനലിലൂടെ താഴേക്ക്‌ നോക്കിയപ്പോൾ അതാ മൂപ്പര് പുലിയുടെ വായിൽ നിന്ന് ആടിനെ വലിച്ചെടുക്കാൻ നോക്കുന്നു. ഒരു പത്തു മിനിറ്റു നേരം ഒന്നും മിണ്ടാതെ ഈ സംഭവം നോക്കികൊണ്ടിരുന്ന അച്ഛമ്മ ഒടുവിൽ വിളിച്ചു പറഞ്ഞു . “ഒരാടല്ലേ ,അങ്ങ് വിട്ടു കൊടുത്തേര് “.

അച്ഛമ്മ പറഞ്ഞത് കൊണ്ട് മാത്രം അച്ഛച്ചൻ ആടിന്റെ  കാലിൽ നിന്നും പിടി വിട്ടു ഏറുമാടത്തിലേക്ക്‌ തിരിച്ചു കേറി. പുലി സന്തോഷത്തോടെ ആടിനേം കൊണ്ട് കാടിലേ ക്കും പോയി. പക്ഷെ പിന്നീട് ഏറുമാടത്തിന്റെ ഏഴയലത്തേക്ക് വരാൻ ആ പാവം പുലി ധൈര്യപെട്ടിട്ടില്ലപോലും

പിൻകുറിപ്പ് : കുറച്ചു പുളു ഈ മകളും കൂട്ടി ചേർത്തിട്ടുണ്ടെങ്കിലും ഒറിജിനൽ പതിപ്പ് അച്ഛന്റെ തന്നെയാണ്.

Malayalam

വിഷുകണി


കുറേ വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്. അന്നു ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്നു.ഒരു വിഷുക്കാലം.
തമിഴ്നാട്ടിൽ  വിഷുവിന് അവധിയില്ല. മടിയുടെ അസുഖം പണ്ട് മുതലേ ഉള്ളതിനാൽ എനിക്ക് ലീവ് ബാലൻസ് ഒക്കെ കണക്കാണ് അന്നും ഇന്നും.

വിഷൂൻറെ തലേന്നാണ് ചേച്ചിയുടെ മകളുടെ ചോറൂണ് .ചേച്ചി എന്ന് വച്ചാൽ വല്യമ്മയുടെ മകൾ.
തറവാട്ടിലെ പുതിയ തലമുറയിലെ ആദ്യത്തെ വാവയുടെ ചോറൂണാണ്.പോകാതിരിക്കാൻ പറ്റില്ല. ഗുരുവായൂര് വച്ചാണ് ചടങ്ങ് . ചെറിയ സദ്യയൊക്കെ ഉണ്ട്. പോരാത്തതിന് കസിൻസ് ഒക്കെ ഉണ്ടാകും .
ചോറൂണിനു  നേരിട്ട് ഗുരുവായൂര് പോകാൻ പറ്റില്ല . തലേന്നെങ്കിലും തൃശൂരുള്ള  അമ്മ വീട്ടിൽ എത്തണം. ചോറൂണ് കഴിഞ്ഞ് അന്ന് തന്നെ മടങ്ങണം .ചുരുക്കി പറഞ്ഞാൽ വിഷുവും കണിയും ഒക്കെ ട്രെയിനിൽ തന്നെ.

വിഷുവിന്റെ തലേന്ന് അങ്ങനെ ഞാൻ ട്രെയിൻ കയറി. എന്നത്തേയും പോലെ അപ്പർ ബെർത്ത്‌ തന്നെയാണ് ബുക്ക്‌ ചെയ്തിരുന്നത്. ഒരു പത്തു മണിയായപ്പോഴേക്കും കയറി കിടന്നു. ആദ്യമായാണ് വിഷുകണി മുടങ്ങുന്നത്. എല്ലാ കൊല്ലവും അമ്മയെയോ വല്യമ്മയെയൊ ചെറിയമ്മയെയോ ഒക്കെയാണ് കണി കാണാറ് .തിയറിറ്റിക്കലി കൃഷ്ണ വിഗ്രഹമാണ് കാണേണ്ടത്. പക്ഷെ ഒട്ടു മുക്കാൽ സമയത്തും കണി കാണാൻ വിളിക്കാൻ വരുന്ന അമ്മമാർ തന്നെയാണ് ഞങ്ങൾ പിള്ളേരുടെ കണി. അത് കൊണ്ട്  ദോഷം ഒന്നും ഇതു വരെ ഉണ്ടായിട്ടുമില്ല.

തീവണ്ടിയുടെ ചാഞ്ചാട്ടത്തിൽ രസം പിടിച്ചു ഞാൻ പെട്ടന്ന് തന്നെ ഉറങ്ങി.
പിന്നെ എപ്പോഴാണെന്നറിയില്ല വലിയ ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് . നടുവില്ലത്തെ ബെർത്തിൽ കിടന്നുറങ്ങിയ മധ്യവയസ്ക വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുകയാണ് താഴെ. ഞാൻ കണ്ണും തിരുമ്പി പതിയെ എഴുന്നേറ്റിരുന്ന് മൊബൈലിൽ സമയം നോക്കി .മൂന്ന് മണി .വീട്ടിലാണേൽ വിഷു കണി കാണേണ്ട ഞാനാണ് മുമ്പേ കേട്ടിട്ട് പോലും ഇല്ലാത്ത വെറൈറ്റി തെറി കേട്ട് ഞെട്ടി തരിച്ചിരിക്കുന്നത്.

ഉറങ്ങിക്കൊണ്ടിരുന്ന  ആയമ്മയുടെ പൃഷ്ട്ട ഭാഗത്ത്‌ ഏതോ ഒരു വിരുതൻ ഒന്ന് തോണ്ടി പോലും.അതിന്റെ വിഷമമാണ്  ആ പാവം അറിയാവുന്ന തെറികൾ ഉച്ചത്തിൽ ഉരുവിട്ട് കൊണ്ട് തീർത്തത്. സ്പെല്ലിങ്ങ് മിസ്റ്റെക്കു മണത്തപ്പോൾ തന്നെ നമ്മുടെ പീഡനവീരൻ ജീവനും കൊണ്ടോടി .

ആ കംപാർട്ട്മെന്റിലെ പാവം യാത്രക്കാരുടെ ഒരു വർഷം പോയി കിട്ടി !

Malayalam

മഴ


മണ്ണിൽ പുതു മഴത്തുള്ളികൾ മുത്തുമ്പോൾ ഒരു മണമുണ്ട് , ഒരു പ്രത്യേക മണം.ആ മണമായിരുന്നു എന്റെ പ്രണയത്തിന്‌.

ആ ചാറ്റൽ മഴയത്ത് അവളുടെ കുടക്കീഴിലേക്ക്‌ ഓടി കയറി ആരും കാണാതെ അന്ന് അവളുടെ വിരൽത്തുമ്പിൽ തൊട്ടപ്പോൾ ഒരു മഴ നനഞ്ഞ സുഖമായിരുന്നു. ചെറു നാണത്തോടെ അവളുടെ മുഖം തുടുത്തപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ മഴവില്ലിനു ആയിരം നിറങ്ങളായിരുന്നല്ലോ!

ആകാശം കാണാതെ പുസ്തക താളിൽ മയിൽപീലിക്കു പകരമായ് സൂക്ഷിക്കാൻ അക്ഷരങ്ങളിൽ ചാലിച്ചെടുത്ത എന്റെ മനസ്സു തന്നെയല്ലേ ഞാൻ അന്ന് വിറയ്ക്കുന്ന കൈകളാൽ വച്ച് നീട്ടിയത്!
രാത്രികളിൽ കമ്പിളി പുതപ്പിന്റെ ചൂടുപറ്റി തിമിർത്തു പെയ്യുന്ന മഴയ്ക്ക് കാതോർത്തു കിടന്നിരുന്നപ്പോളെല്ലാം മനസ് നിറയെ ആ മുഖം മാത്രമായിരുന്നു.

പിന്നീടെപ്പോഴോ പ്രണയത്തിനും സ്വപ്നങ്ങള്ക്കും അപ്പുറമാണ് ജീവിതം എന്ന് പലരും പറഞ്ഞു പഠിപ്പിച്ചപ്പോൾ മഴയുടെ മറപറ്റി ഒഴുകിയ ആ കണ്ണീർ തുള്ളികളെ കണ്ടില്ലെന്നു വച്ച് യാത്ര തുടർന്നു. വർഷങ്ങൾ എത്ര കടന്നു പോയി…ഇന്നീ കോണ്‍ക്രീറ്റ് കാടിൽ നിരവികാരമായി പെയ്യുന്ന മഴയെ നോക്കി ഞാൻ എന്തിനു വേദനിക്കുന്നു..കടലുകൾ എത്ര താണ്ടിയിട്ടും മനസ്സിന്നും ഇടവഴിയിൽ ആ കുടകീഴിൽ നിന്ന് അവളുടെ കൂടെ .മഴ നനഞ്ഞുകൊണ്ടിരിക്കുകയാണോ ..ഒരു തിരിച്ചു പോക്ക് ഇനിയില്ല എന്നറിഞ്ഞിട്ടും ?

കണ്ണിൽ അറിയാതെ പൊടിഞ്ഞ ചുടുനീർ വേഗം തുടച്ചു ഞാൻ  ആരോടെന്നില്ലാതെ പിറുപിറുത്തു , ‘നശിച്ച മഴ’…കറുത്തിരുണ്ട മാനത്തേക്ക് നഷ്ടബോധത്തോടെ ഒന്നും കൂടി കണ്ണയച്ചു ഞാൻ ആ ജനലുകൾ കൊട്ടിയടച്ചു, എന്റെ മനസ്സിനേയും!