My Life

അലമേലു


രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം അമ്മ പറഞ്ഞു. ഇന്ന് പുറമ്പണിക്ക് അലമേലു വരും. ഉപ്പുമാവും കട്ടൻചായയും ഉണ്ടാക്കി വച്ചിട്ടുണ്ട്. ചായ ഒന്നു ചൂടാക്കി ഇത്തിരി പഞ്ചാര ഇട്ടു കൊടുത്തേക്കണം , ഒരു പത്തു മണിയാവുമ്പോ. ഞാൻ തലകുലുക്കി. വിദേശവാസവും ജോലിയും ഒക്കെ ഉപേക്ഷിച്ചു കെട്ട്യോന്റെ വീട്ടിൽ സുഖസുന്ദരമായി ഉണ്ടും ഉറങ്ങിയും ടീവി കണ്ടും വസിച്ചിരുന്ന കാലം.സീരിയലുകളിലെ അമ്മായമ്മമാർക്ക് അപമാനമായി രാവിലെ ഏഴു മണിക്ക് ജോലിക്കു പോകും മുമ്പേ സകല പണിയും തീർത്തു വച്ചു മരുമോളെ വഷളാക്കുന്ന ഒരു പാവം അമ്മയുടെ മകനെ കെട്ടിയതു കൊണ്ടു ഞാൻ അങ്ങനെ അടിച്ചു പൊളിച്ചു വിശ്രമ ജീവിതം ആഘോഷിച്ചു പോന്നു.

 

ഒരു എട്ടര ഒമ്പതു മണിയായപ്പൊ അലമേലു വന്നു. മെല്ലിച്ച ശരീര പ്രകൃതി. മുഖത്തു നേരിയ പുഞ്ചിരി. അച്ഛൻ വാങ്ങി വച്ചിട്ടുള്ള അമ്പതോളം തുണി സഞ്ചികളിൽ മണ്ണ് നിറയ്ക്കണം.അതാണ് ജോലി. അപ്പുറത്തെ പള്ളത്തു നിന്നു മണ്ണ് കൊണ്ടു വരണം.പിന്നെ ഒരു നാലു വീടപ്പുറത്തു നിന്നും ചാണകവും. അതു മിക്സ് ചെയ്തു സഞ്ചിയിൽ നിറയ്ക്കണം.വന്ന പാടെ അലമേലു ജോലി തുടങ്ങി.കഴിക്കാറാവുമ്പോ വിളിച്ചേക്കണമെന്നു പറഞ്ഞു ഞാൻ അകത്തേക്ക് പോയി പതിവ് സിനിമ കാണലിൽ വ്യാപൃതയായി.

 

കൃത്യം പത്തു മണിയായപ്പോ ഞാൻ ചായ ഒരിത്തിരി പാലും പഞ്ചാരയും ഇട്ടു ചൂടാക്കി . പിന്നെ ഒരു പ്ലേറ്റിൽ ഉപ്പുമാവും ഒരു കഷ്ണം പുട്ടും നാലഞ്ചു ചെറുപഴവുമായി ഉമ്മറത്തു പോയി. അലമേലു തലച്ചുമടായി മണ്ണ് കൊണ്ടു വരുകയാണ്.ഇനി കഴിച്ചിട്ടാവാം അക്ക. ഞാൻ വിളിച്ചു പറഞ്ഞു.അനുസരണയോടെ അലമേലു വന്നു. ഉമ്മറത്തിട്ട കസേരയിൽ കയറി ഇരിക്കാൻ പറഞ്ഞപ്പോ വിസമ്മതിച്ചു . കാലിൽ മുഴുവൻ ചെളിയാണ്. ഞാൻ വേഗം കസേര താഴെ ഇട്ടു കൊടുത്തു.ഒന്നു സംശയിച്ചു അവർ അതിൽ ഇരുന്നു .

 

കഴിച്ചോണ്ടിരിക്കുമ്പോ ഞാനും ഉമ്മറത്തു ചമ്രം പടിഞ്ഞിരുന്നു. എത്ര നേരമാ വെറുതെയിരുന്ന് ടീവി കാണുക.വിശേഷങ്ങൾ ചോദിച്ചപ്പോൾ അലമേലു തമിഴും മലയാളവും കലർത്തി പറഞ്ഞു തുടങ്ങി. നാലു വർഷത്തേ  ചെന്നൈ വാസത്തിന്റെ ബലത്തിൽ ഞാനും എന്റെ തമിഴ് വൈഭവം പുറത്തേക്കെടുത്തു.തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമമാണ് അലമേലുവിന്റെ നാട്. കേരളത്തിലേക്ക് വന്നിട്ടു വർഷം 8  കഴിഞ്ഞു.തമിഴ്നാട്ടിൽ കിട്ടുന്നതിനെകാളും  കൂലി കേരളത്തിൽ കിട്ടുമത്രേ. നാട്ടിൽ അലമേലുവിനു പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല .അകന്ന ബന്ധത്തിൽ ഉള്ള ഒരു ചേച്ചി കുറച്ചു മാറിയാണ് താമസം.ഭർത്താവ് മുത്തുവും അലമേലുവും രണ്ടു വീടപ്പുറത്തു ഒരു മുറിയിൽ വാടകക്കാണ് താമസം. 1000 രൂപയാണ് വാടക. വാടകക്ക് പകരം വീട്ടു ജോലി എടുത്തു കൊടുത്താലും മതി. പശുവൊക്കെ ഉള്ള വീടാണ്. പുറത്തെ പണിയും അകത്തെ പണിയും ഒക്കെയായി പിടിപ്പതു ജോലിയുണ്ട്. പുറമേ പണിക്കു പോയാൽ ഒരു ദിവസം 400 രൂപയാണ് കൂലി. അതു കഴിഞ്ഞിട്ടു വേണം ആ വീട്ടിലെ പണികൾ ഒതുക്കുവാൻ .അതും കഴിഞ്ഞിട്ടു സ്വന്തം വീട്ടിലെ പണികളും.

 

അലമേലു ഈ കഷ്ടപ്പെടുന്നത് മുഴുവൻ മക്കൾക്ക് വേണ്ടിയാണ്.മക്കളൊക്കെ അങ്ങു തമിഴ്നാട്ടിലാണ്. സ്കൂൾ അടക്കുമ്പോ ഇവിടെ വരും. മൂന്നു മക്കളാണ് അലമേലുവിന്.ഒരു പെണ്ണും രണ്ടാണും .മൂത്ത മകൾക്കു 18 വയസ്സ് . അലമേലുവിന്റെ ഗ്രാമത്തിനടുത്തുള്ള പ്രൈവറ്റ് എൻജിനീറിങ് കോളേജിൽ രണ്ടാം വർഷം. വർഷം 40000 ആണ് ഫീസ്.അലമേലു ഒറ്റക്കയധ്വനിച്ചിട്ടാണ് ആ പൈസ ഉണ്ടാക്കുന്നത് . ഭർത്താവ് മുത്തുവും പണിക്കൊക്കെ പോകും. പക്ഷെ പുള്ളി അത്യാവശ്യം തെറ്റില്ലാത്ത ഒരു കുടിയനാണ്. കിട്ടുന്ന കൂലി ഒക്കെ കുടിച്ചു തീർക്കും. എന്നിട്ടും പോരാത്തത് പാവം അലമേലുവിന്റെ കയ്യിൽ നിന്നും തട്ടി പറിക്കും.

 

മോളെ കല്യാണം കഴിച്ചു വിടണമെന്നാണ് അലമേലു ആഗ്രഹിച്ചത് .പക്ഷെ മോള് പറഞ്ഞു പഠിക്കണം എന്ന് .അമ്മക്ക്  ഞാനും കൂലി പണി എടുക്കുന്നത് കാണണോ എന്നാണ് അവൾ ചോദിച്ചത് . അലമേലു നിസ്സംഗയായി പറഞ്ഞു .എന്റെ ജീവിതത്തിൽ ഞാൻ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അവൾ പറഞ്ഞത് കാര്യമാണെന്ന് എനിക്കു തോന്നി. കല്യാണം കഴിപ്പിച്ചു വിടുന്ന ആൾ തല തിരിഞ്ഞവനാണെങ്കിൽ അവൾക്കും എന്റെ ഗതി തന്നെ വരില്ലേ.അവൾ പഠിച്ചു രക്ഷപെടണമെങ്കിൽ രക്ഷപെടട്ടെ.

 

പഠിക്കാൻ മോളു മിടുക്കിയാണ് .ഗവണ്മെന്റ് കോളേജിൽ സീറ്റു കിട്ടിയതാണ് .പക്ഷെ അങ്ങു അകലെ ചെന്നൈയിൽ അവിടെ ഹോസ്റ്റലിൽ ഒക്കെ നിന്നു പഠിക്കുമ്പോ ഈ പൈസ ഒക്കെയാവും .പിന്നെ ഇളയത് രണ്ടെണ്ണം വീട്ടിൽ ഒറ്റക്കാവും.ഇതാവുമ്പോ മോൾക്ക് വീട്ടിൽ നിന്നും പോകാം.കാലത്തു ചോറും കറിയും ഒക്കെ ഉണ്ടാക്കി വച്ചാ  അവൾ പോകുന്നത്. വൈകുന്നേരം വരുമ്പോ ഇത്തിരി വൈകും .പക്ഷെ ഇളയ മോന് ചോറൊക്കെ വക്കാൻ അറിയാം .വൈകുന്നേരം അവൻ പണിയൊക്കെ തീർത്തോളും. അകന്ന ബന്ധത്തിലുള്ള ചേച്ചി ഇടക്കൊക്കെ പോയി അന്വേഷിക്കും .എന്നാലും രാത്രി ചിലപ്പോൾ കിടന്നാൽ ഉറക്കം വരില്ല.പിള്ളേർ  ഒറ്റക്കല്ലേ ?മോള് വലുതായില്ലേ.ഇപ്പോഴത്തെ കാലത്തു ആൾക്കാരെ വിശ്വസിക്കാൻ പറ്റുമോ.

 

പയ്യന്മാരും പഠിക്കും .ഇളയവന് ഇത്തിരി മടിയൊക്കെയുണ്ട് .പക്ഷെ രണ്ടാമത്തവൻ അവനെ ഇരുത്തി പഠിപ്പിക്കും. അവർക്കേ ഇംഗ്ലീഷ് ഒക്കെ നന്നായി അറിയാം . ഇന്നാള് രണ്ടാമത്തവൻ അച്ഛന് ഇംഗ്ലീഷിൽ അഡ്രസ്സ് ഒക്കെ എഴുതിക്കൊടുത്തു . നന്നായിട്ടു മലയാളവും പറയും അവര് .പഠിത്തം കഴിഞ്ഞാ മോൾക്ക് ഇവിടെ ജോലി കിട്ടുമോ എന്നു നോക്കണം. അലമേലു പറഞ്ഞു നിർത്തി. വിശേഷം പറച്ചിലിനിടയിൽ പ്ലേറ്റിൽ ഉപ്പുമാവും പഴവും അതേപടി ഇരിക്കുന്നു .

 

അലമേലു കഴിച്ചില്ലല്ലോ, ഞാൻ ഓർമിപ്പിച്ചു.അലമേലു ചിരിച്ചു. ഞാൻ അങ്ങനെ അധികം ഒന്നും കഴിക്കില്ല.

 

അലമേലു കഴിച്ചോണ്ടിരിക്കുമ്പോ ഞാൻ എന്റെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. കുറച്ചു കാലം ചെന്നൈയിൽ ആയിരുന്നു എന്നും വീട് കാസറഗോഡ് ആണെന്നുമൊക്കെ ഞാൻ പറഞ്ഞു .

 

ചെന്നൈയിൽ ഞങ്ങളും ഉണ്ടായിരുന്നു കുറച്ചു കാലം. അവിടെ കരുണാനിധിയുടെ വീടിന്റെ ഒക്കെ അടുത്തായിട്ടു ഒരു ഫ്ലാറ്റു പണിയുന്ന സ്ഥലത്തായിരുന്നു ജോലി. കല്ലും മണ്ണുമൊക്കെ അങ്ങു  മേലെ വരെ കൊണ്ടു പോകണം. കുറെ നിലകളുണ്ടേ. ഞാൻ കണ്ണൂരും കോഴിക്കോടും കാസറഗോഡും ഒക്കെ പോയിട്ടുണ്ട് ജോലിക്ക്. കൂലി ഇവിടുത്തെകാളും കൂടുതലാ. പക്ഷെ അവിടെ ഒക്കെ രാത്രിയാകുമ്പോ ആളുകൾ വന്നു വാതിലിൽ തട്ടി തുറക്കാൻ പറയും. അതു പോലെ ജോലി ചെയ്യുമ്പോ വന്നു കൂടെ വന്നാ  പൈസ തരാം ഒരു മണിക്കൂർ കഴിഞ്ഞാ വിടാം എന്നൊക്കെ പറയും. ആരേലും എന്നെ വല്ലതും ചെയ്താൽ പിന്നെ എന്റെ പിള്ളേരെ നോക്കാൻ ആരും ഉണ്ടാകില്ല .എന്റെ വീട്ടുക്കാരൻ കള്ളും  കുടിച്ചു നടക്കും.മക്കൾടെ കാര്യം ഒന്നും നോക്കില്ല.എനിക്ക്  വല്ലതും പറ്റിയാൽ പിന്നെ അവർ വഴിയാധാരമാകും. നിർവികാരയായി അലമേലു പറഞ്ഞു. അപ്പോഴും ആ മുഖത്തു ഒരു നേരിയ ചിരി ഉണ്ടായിരുന്നു.

 

ഇവിടെ പക്ഷെ വല്യ കുഴപ്പമൊന്നും ഇല്ല. നമ്മുക്ക് ചെയ്യാൻ പറ്റുന്ന പണികളാ .400 രൂപ കിട്ടും ദിവസവും.എന്നും ആരേലുമൊക്കെ പണിക്കു വിളിക്കും.എന്നെ പണിക്കു വിളിച്ചാ നോക്കാൻ ആരേം നിർത്തേണ്ട എന്നു ഇവിടെ എല്ലാർക്കും അറിയാം .പണിയെടുക്കാതെ ഞാൻ പൈസ വാങ്ങില്ല .ഇവിടുത്തെ അമ്മയോട് ചോദിച്ചാൽ അറിയാം .ഇവിടെ എല്ലാർക്കും എന്നെ വല്യ വിശ്വാസമാണ് . തെല്ലഹങ്കാരത്തോടെ അവർ അവകാശപ്പെട്ടു.

 

അലമേലു പിന്നെയും വാതോരാതെ സംസാരിച്ചു. മക്കളെ പറ്റി നാടിനെ പറ്റി ഭാവിയെ പറ്റി പ്രതീക്ഷകളെ പറ്റി കഷ്ടപാടുകളെ പറ്റി.മക്കൾ ഒരു നിലയിലായാൽ തന്നെ നോക്കണം എന്നൊന്നും അലമേലുവിനില്ല. ഞാൻ മരിക്കും  പണിയെടുത്തോളാം .നോക്കിയാൽ നല്ലത് ഇല്ലെങ്കിൽ അവർ നന്നായിരിക്കുന്നതു കണ്ടാൽ സന്തോഷം. ഇരുന്നാൽ പറ്റില്ല ജോലിയുണ്ടെന്നു പറഞ്ഞു അവർ എഴുന്നേറ്റു. ഒഴിഞ്ഞ ചട്ടിയുമായി  അടുത്ത ചുമടെടുക്കാൻ അലമേലു പോകുന്നതും നോക്കി ഞാൻ നിന്നു .

 

വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞു കൂലി കൊടുക്കാൻ നേരമായപ്പോഴേക്കും അയാൾ വന്നു.അലമേലുവിന്റെ വീട്ടുക്കാരൻ. തനിക്കു കുടിക്കാൻ തന്ന ചായ അലമേല് വേഗം അയാൾക്ക് നേരെ നീട്ടി. അതു വാങ്ങി കുടിച്ചു കൊണ്ടു അയാൾ അവിടെ ചുറ്റിപറ്റി നിന്നു. പിന്നെ പതുക്കെ കാര്യം അവതരിപ്പിച്ചു.അലമേലുവിന്റെ കൂലി ഇന്ന് അയാൾക്ക് കൊടുക്കണം.ആവശ്യങ്ങൾ ഉണ്ട് .നിസ്സഹായയായി അവർ മിഴിച്ചു നിന്നപ്പോൾ അച്ഛൻ പറഞ്ഞു.അലമേലുവിനു ഇന്ന് കൂലി കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല .നാട്ടിയിൽ പോകാൻ നേരം പൈസ മതി എന്നാണല്ലോ അവൾ പറഞ്ഞത് .മുത്തു കുറച്ചു തർക്കിച്ചു,എന്നിട്ടു അലമേലുവിനെ തെറപ്പിച്ചൊന്നു നോക്കി തിരിച്ചു പോയി. ഈ പ്രദേശത്തുകാർക്കൊക്കെ അലമേലുവിന്റെ കഥ അറിയാം .അതുകൊണ്ട് അലമേലുവിനെ ജോലിക്കു വക്കുന്നവരൊക്കെ മുത്തു കാണാതെ മാത്രമേ അവർക്കു പൈസ കൊടുക്കുള്ളുവത്രേ .

 

പിറ്റേന്നു ഓഫീസിൽ നിന്നു വന്നപ്പോൾ അമ്മ അച്ഛനോട് പറയുന്നത് കേട്ടു .ആ മുത്തു അലമേലുവിൻനെ ഇഷ്ടിക കട്ട വച്ചു അടിച്ചെന്ന് .കള്ളു കുടിക്കാൻ പൈസ കൊടുക്കാത്തതിന് .ആശുപത്രിയിൽ ഒക്കെ കൊണ്ടു പോകേണ്ടി വന്നു പോലും .പാവം അലമേലു ഒന്നു രണ്ടു ദിവസം പണിക്കു പോകാൻ കഴിഞ്ഞുകാണില്ല . ചിരിമായാത്ത ആ മുഖവും പിന്നെ അമ്മ  അയച്ചു കൊടുക്കുന്ന പൈസ പ്രതീക്ഷിച്ചിരിക്കുന്ന മൂന്നു കുഞ്ഞുങ്ങളുടെ അവ്യക്ത ചിത്രവും എന്റെ മനസിൽ തെളിഞ്ഞു .

 

ഇങ്ങനെ എത്ര അലമേലുമാർ .എത്ര എത്ര കഥകൾ .

Advertisements

2 thoughts on “അലമേലു

  1. is it fiction or reality? i felt each every word to be reality since there exist so many strong struggling women who sacrifice their entire life for bringing up their children :)Well written and loaded with emotions in its pure form 🙂

  2. Makkal okke valuthaayi kazhinju ee ammaye nokkiya mathiyaarunnu..vere oru sthalathu makkalum aduthillathe kettiyonte upadravavum sahichu kazhiyuvaanallo paavam..Pari nannaayi ezhuthiyittundu..pinne ammayiammaye Ente snehanveshanam ariyikkane..! Good to read smth from u after a loong gap!

I would love to know what you thought....

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s